അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത്  

Posted by Unknown


അറ്റാക്കുണ്ടായാല്‍ ഉടന്‍ ചെയ്യേണ്ടത്






മരണഭീതി വിതയ്ക്കുന്ന ഹൃദയാഘാതവും അതേതുടര്‍ന്നുണ്ടാകുന്ന പെട്ടെന്ന് കുഴഞ്ഞുവീണുള്ള മരണവും, കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദയരക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന ചെറിയ ബ്ളോക്കുകളില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പെട്ടെന്ന് രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ പൂര്‍ണ്ണമായും അടയുമ്പോഴാണല്ലോ ഹൃദയാഘാതമുണ്ടാകുന്നത്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ പരിചരിക്കുന്ന രീതിയും, ഹൃദയാഘാതത്തെ തുടര്‍ന്ന് പെട്ടെന്ന് ഹൃദയം സ്തംഭിച്ചുപോയാല്‍ ഹൃദയപ്രവര്‍ത്തനം ആശുപത്രിയിലെത്തുന്നതുവരെ നിലനിര്‍ത്തുന്നതിനുവേണ്ട പ്രഥമ ശുശ്രൂഷ നല്‍കുന്നതെങ്ങനെയെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് വിലപ്പെട്ട ജീവന്‍ രക്ഷിക്കുവാന്‍ അനിവാര്യമാണ് വീട്ടിലൊരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്.
1.ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ബോധമുണ്ടെങ്കില്‍ ചാരിയിരുത്തുക തലയും, തോളുംതലയിണകൊണ്ട് താങ്ങുകൊടുക്കണം.
2.രോഗിയുടെ കൈത്തണ്ടയില്‍ സ്പര്‍ശിച്ച് പള്‍സ് പരിശോധിക്കുക. വീട്ടില്‍ ബി.പി. പരിശോധിക്കുന്ന യന്ത്രം ഉണ്ടെങ്കില്‍ പ്രഷറും പരിശോധിക്കാം. പള്‍സും, ബി.പി.യും കുറവാണെന്നുകണ്ടാല്‍നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി കാലുകള്‍ക്കിടയില്‍ രണ്ട് തലയിണകള്‍ വെച്ച് കാലുകള്‍ ഉയര്‍ത്തി വെയ്ക്കുക. തലച്ചോറിലേയ്ക്ക് ആവശ്യത്തിനുള്ള രക്തപ്രവാഹം ഉണ്ടാകുവാനും അതുവഴി ബോധക്ഷയം സംഭവിക്കുന്നത് തടയുവാനും ഇത് സഹായിക്കും.
3.രോഗിയുടെ ഇറുകികിടക്കുന്ന വസ്ത്രങ്ങള്‍ ഊരിമാറ്റുകയോ, അയച്ചിടുകയോ ചെയ്യുന്നത് നന്നായിരിക്കും.
4.മുഖത്ത് തണുത്ത വെള്ളം യാതൊരവശാലും തളിക്കരുത്. തണുത്ത വെള്ളം തളിക്കുമ്പോള്‍ രോഗിയുടെ ഹൃദയരക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങുവാനും, നെഞ്ചിടിപ്പിലും പ്രഷറിലും വ്യതിയാനങ്ങള്‍ ഉണ്ടാകുവാനും ഇടയാക്കിയേക്കാം. ഇത് ഹൃദയാഘാതം വന്ന രോഗിക്ക് നല്ലതല്ല.
5.ഹൃദയാഘാതം വന്ന രോഗിയെ നടക്കാനോ മറ്റ് ശാരീരിക അദ്ധ്വാനം വേണ്ട പ്രവര്‍ത്തികള്‍ ചെയ്യുവാനോ അനുവദിക്കാതെ പൂര്‍ണ്ണ വിശ്രമം കൊടുക്കണം. വീല്‍ചെയറിലോ, കസേരയിലോ, സ്ട്രച്ചറിലോ മാത്രമേ രോഗിയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് നീക്കാവൂ.
6.ഹൃദയാഘാതം വന്ന ആദ്യ 6 മണിക്കൂറുകളില്‍ കുടിക്കുവാനും ഒന്നും കൊടുക്കാതിരിക്കുന്നതാണ് ഉത്തമം. ദാഹമുണ്ടെങ്കില്‍ ശുദ്ധജലം കുറച്ചുനല്‍കാം. ആഹാരപദാര്‍ത്ഥങ്ങളോ, പാനിയങ്ങളോ കഴിച്ചാല്‍ ദഹനക്കുറവും തുടര്‍ന്ന് ചര്‍ദ്ദിക്കുവാനുള്ള സാദ്ധ്യത കൂടുതലുള്ളതിനാലാണ് ഈ നിയന്ത്രണം.
7.നെഞ്ചുവേദനയുണ്ടെങ്കില്‍ നാക്കിനടിയിലിട്ട് അലിയിച്ചിറക്കുന്ന ഐസോര്‍ഡില്‍ (5 മില്ലിഗ്രാം) ഗുളിക കൊടുക്കാം .ഇതോടൊപ്പം തന്നെ ഒരു ആസ്പിരിന്‍ ഗുളിക ചവച്ചുകഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതം സംഭവിച്ച ചില രോഗികളില്‍ നാക്കിന്റെ അടിയില്‍ ഐസോര്‍ഡിന്‍ ഗുളിക ഇട്ട് അലിയിച്ചിറക്കിയാല്‍ പെട്ടന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാകുവാനിടയാക്കിയേക്കാം. ഇത് ഒഴിവാക്കാന്‍ നിരപ്പായ പ്രതലത്തില്‍ രോഗിയെ കിടത്തിയതിനുശേഷം ഈ മരുന്നു നാക്കിന്റെ അടിയില്‍ ഇട്ട് അലിയപ്പിച്ചിറക്കാവൂ.
8.ഹാര്‍ട്ട് അറ്റാക്കിന് ശേഷമുള്ള ഓരേ നിമിഷവും ഓരേ ഹൃദയപേശികള്‍ നശിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ സമയം വളരെ വിലപ്പെട്ടതാണ് . അതിനാല്‍ സമയം പാഴാക്കാതെ ഹൃദദ്രോഗതീവ്ര പരിചരണ വിഭാഗമുള്ള (സി.സി.യു) ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കേണ്ടതാണ്. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദ്രോഗവിദഗ്ധരുടെ താമസസ്ഥലത്ത് കൊണ്ടുപോയി പരിശോധിപ്പിക്കുവാന്‍ ശ്രമിച്ച്, വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.
9.ഹൃദയാഘാതം വന്ന രോഗി ബോധരഹിതനായാല്‍ ഹൃദയസ്തംഭനം സംഭവിച്ചോ എന്ന് കഴുത്തിലെ പള്‍സും ശ്വാസോച്ചാസവും സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിയ്ക്കുക. പള്‍സും, ശ്വാസോച്ഛാസവും നിലച്ചാല്‍ ഹൃദയസ്തംഭനം സംഭവിച്ചു എന്ന് അനുമാനിക്കാം. ഇങ്ങനെയുള്ള രോഗികളെ നിരപ്പായ തറയില്‍ മലര്‍ത്തിക്കിടത്തി കഴുത്ത് ഭാഗം തലയിണ കൊണ്ട് പൊക്കി താടി ആവുന്നത്ര മേലോട്ടുയര്‍ത്തി ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടാക്കാത്ത നിലയില്‍ കിടത്തുക. ഇതിനു ശേഷം ഹൃദയത്തിന്റേയും, ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പുനഃസ്ഥാപിക്കുവാനുള്ള പ്രഥമശുശ്രൂഷയായ സി.പി.ആര്‍ (Cardio Pulmonary Resuscitation) പരിശീലനം ലഭിച്ചവരുണ്ടെങ്കില്‍ നടത്തി ആശുപത്രിയിലേയക്ക് എത്രയും പെട്ടന്ന് എത്തിക്കുക.
10.ഹൃദയാഘാതത്തെ തുടര്‍ന്ന് ബോധക്ഷയം വന്ന രോഗി ചര്‍ദ്ദിച്ചാല്‍ തല കുറച്ചു താഴ്ത്തി ഒരു വശത്തേക്ക് ചരിച്ചു വെച്ച് ചര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ വായില്‍ നിന്നും ശ്വാസകോശത്തിലേയ്ക്ക് കടക്കാതെ ഉടന്‍തന്നെ പുറത്തേക്ക് പോകുവാന്‍ സഹായകമായ രീതി അവലംഭിക്കേണ്ടതാണ്. അല്ലായെങ്കില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ശ്വാസനാളിയിലും ശ്വാസകോശത്തിലും പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
11.രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ പഴയ ചികിത്സാരോഖകള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍, ഇ.സിജി,എന്നിവയുണ്ടെങ്കില്‍ കൂടെ കരുതാന്‍ മറക്കരുത്.

This entry was posted on 11:49 PM and is filed under , , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments

blogspot visit counter